Blogger Widgets

കാറ്റ്

എന്‍ എം സുജീഷ് 


1

കടല്‍ കരയിലേക്കെറിഞ്ഞ
വിയര്‍പ്പ് ഗന്ധമുള്ള കാറ്റ്
വിട്ടുകിട്ടിയ ശൂന്യതയിലൂടെ
ഇഴഞ്ഞലയുന്നു.

വിലക്കപ്പെട്ട കനികളുടെ
വൃക്ഷത്തെ ഊതിക്കുലുക്കുന്ന കാറ്റ്
പെര്‍ഫ്യൂം പൂശി
നടന്ന് പോകുന്നവര്‍ക്ക്‌
പുറകെ പറന്ന് പോകുന്നു.

ഒരു കാറ്റിലുമിളകില്ലെന്ന
മഹാവൃക്ഷ മനോഭാവത്തിലെ
പെണ്‍കുട്ടികളുടെ ഷാളുകള്‍
പറിച്ചെറിഞ്ഞും പാവാടയുയര്‍ത്തിയും
കൊടുങ്കാറ്റാകുന്നു.

2
രണ്ടുപേര്‍ ചുംബിക്കുമ്പോള്‍
കൈമാറുന്ന രഹസ്യങ്ങള്‍
ഒരു കാറ്റിലും പരസ്യമാകില്ലെന്ന ഉറപ്പില്‍
ദീര്‍ഘചുംബനങ്ങള്‍ക്കൊടുവിലവര്‍
ദീര്‍ഘനിശ്വാസക്കാറ്റിനെ അഴിച്ചു വിടുന്നു.
പറഞ്ഞു പഴകിയ
വായ്‌നാറ്റവാക്കുകളുമായി ആ കാറ്റ്
വായകള്‍ തോറും കയറിയിറങ്ങുന്നു.


3
പൊടിക്കാറ്റില്‍
പുകമണങ്ങളില്‍
നഗരങ്ങളിലലഞ്ഞു
വിയര്‍പ്പ് ഗന്ധവുമായി തിരിച്ചെത്തുന്ന
കാറ്റിനെ പിടിച്ച് ഫാനാല്‍
കറക്കി വിശ്രമിക്കുന്നു -
കാറ്റിന്‍ നിയമങ്ങളെ
കാറ്റില്‍ പറത്തി വീട്ടിലിരിക്കുന്ന
ഭാര്യമാര്‍, അമ്മമാര്‍, പെങ്ങള്‍മാര്‍.
Malayalam Poet | illustration : sharon rani | about